കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

പി.എം.കെ ഫൈസി

 05/06/2012:എറണാകുളം: അല്‍ ഇര്‍ഫാദ് മാസിക ചീഫ് എഡിറ്ററും ക്രസന്റ് ഹോസ്പിറ്റല്‍ ചെയര്‍മാനും പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി എം കെ ഫൈസി മോങ്ങം കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരിലായിരുന്നു അപകടം. കാര്‍ഡ്രൈവര്‍ ചെറുവത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് (38), മുഹമ്മദ് (52) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ ആശുപത്രിയിലായിരുന്നു പി.എം.കെ. ഫൈസിയുടെ മരമം. ചൊവ്വാഴ്ച പുലര്‍ച്ചെ ആറരയോടെ ദേശീയപാതയില്‍ ചാറ്റല്‍മഴയില്‍ തെന്നിയ കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടം.
പരേതരായ പൂന്തല മുഹമ്മദ് ഷായുടെയും ചേനാട്ടുകുഴിയില്‍ ബിയ്യാത്തുവിന്റെയും മകനാണ് പി.എം.കെ. ഫൈസി. ഭാര്യ: പൂക്കോട്ടൂര്‍ കറുത്തേടത്ത് നഫീസ. മക്കള്‍: മഅ്‌റൂഫ്, സുആദ, സുവൈബത്ത്, സുഹൈല, ജസീല, ഹിഷാം അഹ്്മദ്, സഈദ്, മുബശ്ശിര്‍, മുഹമ്മദ് തമീം. മരുമക്കള്‍: സുഹൈല്‍ സഖാഫി ചുങ്കത്തറ, ശരഫുദ്ദീന്‍ സഅദി കാരക്കുന്ന്, സമീന കോട്ടക്കല്‍. പട്ടിക്കാട് ജാമിഅ നൂരിയയില്‍നിന്ന് ഫൈസി ബിരുദവും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക് ദഅ്‌വയില്‍ ബിരുദവും നേടി. അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കം കുറിച്ച പി.എം.കെ. ഫൈസി ആരംഭ കാലംമുതല്‍ മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിറാജുല്‍ ഹുദാ അറബിക് കോളജ് കൊടുവള്ളി, അന്‍വരിയ അറബിക് കോളജ് പൊട്ടിച്ചിറ എന്നിവിടങ്ങളിലായിരുന്നു പഠനം.

\ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി, സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റിയംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോയിന്റ് സെക്രട്ടറി, ചാവക്കാട് ഐ ഡി സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിങ് സെക്രട്ടറി, എസ് എസ് എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു.

പി.എം.കെയുടെ മരണം സാഹിത്യരംഗത്ത് വലിയ വിടവ്: നൂറുല്‍ ഉലമ
  സഅദാബാദ്: പി.എം.കെ. യുടെ മരണം സുന്നീ സാഹിത്യ രംഗത്ത് വലിയ വിടവാണുണ്ടാക്കിയതെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ്അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അല്‍ ഇര്‍ഫാദ് പത്രാധിപന്‍, സുന്നി യുവജന സംഘത്തിന്റെയും സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെയും സജീവ പ്രവര്‍ത്തകന്‍ എന്ന നിലക്ക് അദ്ദേഹം അര്‍പിച്ച സേവനങ്ങള്‍ ഒരു കാലത്തും വിസ്മരിക്കാന്‍ വയ്യ. കാര്യം ഗൗരവത്തോടെ വിലയിരുത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ പാഠവവും ആര്‍ജവവും വേറിട്ടതായിരുന്നു.
കഴിഞാഴ്ച സഅദിയ്യ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍ത്ഥമായ ഒരു ക്ലാസെടുത്തു പിരിയുമ്പോള്‍ അതൊരന്ത്യ വിടവാങ്ങലായി ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സ്വതന്ത്രമായി ചിന്തിച്ച് തീരുമാനത്തിലെത്താനുള്ള അദ്ദേഹത്തിന്റെ വിശേഷത വേറിട്ട് നില്‍ക്കുന്നു.
അഭ്യസ്ഥവിദ്യസ്ഥരെ സുന്നത്ത് ജമാഅത്തുമായി ബന്ധപ്പെടുത്താന്‍ നല്ല ശ്രമ മായിരുന്നു അദ്ദേഹം നടത്തിയത്. യുവപണ്ഡിതരായ ദീനി പ്രവര്‍ത്തകര്‍ക്ക് തികച്ചും മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള സേവനങ്ങള്‍. ആ സഹപ്രവര്‍ത്തകന്റെ പരലോകം അല്ലാഹു ആനന്ദകരമാക്കുകയും സന്തപ്ത കുടുംബത്തിന് സമാധാനവും ക്ഷേമവും നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന അദ്ധേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

പി.എം.കെ ഫൈസി: മുമ്പേ നടന്ന കര്‍മ യോഗി(ഹുസൈന്‍ രണ്ടത്താണി) പ്രിയപ്പെട്ട പി.എം.കെ യുടെ വേര്‍പാട് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. മരണ വാര്‍ത്ത കേട്ടയുടനെ ഓര്‍മകള്‍ മിന്നല്‍ പിണര്‍ കണക്കേ മനസ്സിലൂടെ ഓടി മറയാന്‍ തുടങ്ങി. ആദ്യം പൊട്ടച്ചിറ അന്‍വരിയ്യയില്‍ ഉമര്‍ കല്ലൂരുമൊത്ത് കണ്ട ദിവസം.
അന്‍വരിയ്യയിലെ സുന്നി ബുദ്ധി ജീവികളുടെ കൂട്ടായ്മ, അല്‍ ഇര്‍ഫാദിന്റെ പേറ്റു നോവനുഭവിച്ച് കൊണ്ട് ദിവസങ്ങള്‍ കല്ലായ് റോഡിലെ ലോഡ്ജിലിരുന്ന് നേരം പുലരുവോളമുള്ള ചര്‍ച്ചകള്‍. ഉമര്‍ കല്ലൂര്‍, കെ.എ.കടങ്ങോട്, പി.എ.കെ മുഴപ്പാല, ബുഖൈര്‍, ടി.പി അബൂബക്കര്‍ തുടങ്ങിയവരുടെ വാദ വിവാദങ്ങള്‍. പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ഞങ്ങളുടെ നിശ്ചയ ദാര്‍ഢ്യം. പി.എം.കെയുടെ അറുത്തു മുറിച്ച വാക്കുകള്‍, ഉമര്‍ കല്ലൂരിന്റെ തമാശകള്‍, വടക്കേ കാട് സ്‌കൂളിലെ ഇസ്‌ലാമിക ടെക്‌സ്റ്റ് പുസ്തകത്തിന്റെ നിര്‍മിതിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍, അല്‍ ഇര്‍ഫാദ് എഡിറ്റോറിയല്‍ കമ്മറ്റിയുടെ മാസത്തിലൊരിക്കലുള്ള പ്രൗഢമായ കൂട്ടങ്ങയ്മ; ഒന്നും വൃഥാവിലായിട്ടില്ല.
ആതുരാ ശുശ്രൂഷാ രംഗത്ത് വലിയൊരു കാല്‍ വയ്പായി റെഡ് ക്രസന്റ് ഹോസ്പിറ്റലിന് തുടക്കമിട്ടത് പി.എം.കെയുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായിരുന്നു. അന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നാസര്‍ മാത്രമാണ് പിന്തുണച്ചത്.
ഖത്തറിലെ പ്രവര്‍ത്തകര്‍ ധനസഹായവുമായി വന്നതും സുന്നി പ്രസ്ഥാന രംഗത്ത് ഒരു ഹോസ്പിറ്റല്‍ തുടങ്ങിയതും സംഭവം തന്നെയായിരുന്നു. പി,.എം.കെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അന്ന് ഗള്‍ഫില്‍ മുഴപ്പാലയുടേയും ഉമര്‍ കല്ലൂരിന്റേയും നേതൃത്വത്തില്‍ സംഘടന ജാഗരൂകമായിരുന്നു. അത് പിന്നീട് ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റററാക്കി അദ്‌വാ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കിയതും പി,എം.കെ യുടെ നേൃത്വത്തില്‍ തന്നെ. ദഅ്‌വാ ടീം രൂപീകരിച്ച് കൊണ്ട് പിന്നോക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായ പ്രവര്‍ത്തനത്തിന്ന് അദ്ദേഹം നേതൃത്വം നല്കി..
അട്ടപ്പാടിയിലും കിള്ളിമലയുടെ താഴ്‌വാരത്തിലും വയനാട്ടിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. മറ്റ് സംഘടനകളിലും പ്രസ്ഥാനങ്ങളിലെും പ്രവര്‍ത്തിച്ചിരുന്ന പലരേയും പി.എം.കെ സുന്നീ പ്രസ്ഥാനവുമായി സഹകരിപ്പിച്ചു.
സുന്നികളുടെ ശബ്ദം മറ്റ് ജനവിഭാഗങ്ങളിലെത്തിക്കാനും മതേതര രംഗത്തേക്ക് സുന്നി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിച്ചത്. ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അതിന്റെ നേതൃത്വം ഏറ്റെടുത്ത് കൊണ്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു. ഡോ.കെ.കെ.എന്‍ കുറുപ്പിനെപ്പോലുള്ളവര്‍ സുന്നീ പ്രസ്ഥാനവുമായി അടുക്കുന്നത് ആ വഴിക്കാണ്. ഇസ്‌ലാമിക പ്രചാരണം ലക്ഷ്യമാക്കി നിരവധി പുസ്തകങ്ങള്‍ ഈ സംഘടന പ്രസിദ്ധീകരിച്ചു.
പ്രൊ.ഫ. കമാല്‍ പാഷ, പ്രൊഫ. അഹ്മദ് കുട്ടി ശിവ പുരം, എ.കെ അബ്ദുല്‍ മജീദ് തുടങ്ങിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമായിരുന്നു. ദഅ്‌വാ പ്രവര്‍ത്തനം അല്‍ ഇര്‍ശാദ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ സ്ഥാപനത്തോടെ കൂടുതല്‍ സജീവമായി. പി.എം.കെക്ക് താങ്ങും തണലുമായി ആദ്യം വെങ്ങാട്ടെ ഹസ്സന്‍ മുസ്‌ലിയാരും പിന്നീട് ഗുരുവായ കൊമ്പം മുഹമ്മദ് മുസ്‌ലിയാരും രംഗത്ത് വന്നത് ഏറെ ആവേശമായി. അങ്ങനേയാണ് ഹോസ്പിറ്റല്‍ വിപുലീകരിച്ചതും ദഅ്‌വാ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ തുടങ്ങുകയും ചെയ്തത്. മതം സ്വീകരിച്ചു കൊണ്ട് വരുന്ന പലര്‍ക്കും അത്താണിയാവാനും സൊസൈറ്റിക്ക് സാധിച്ചു.
സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ പി.എം.കെ വാചാലനായിരുന്നു. സ്ത്രീധന വിപത്തിനെതിരെയുള്ള പൂങ്കാവനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്കാന്‍ പി.എം.കെയും ഒപ്പമുണ്ടായിരുന്നു. മഖ്ബറകള്‍ക്ക് ചുറ്റും നടക്കുന്ന ദുരാചാരങ്ങളെ ശക്തമായി അപലപിച്ച് കൊണ്ട് മഖ്ബറകള്‍ക്ക് ചുറ്റും എന്നൊരു പുസ്തകം തന്നെ എഴുതി. ഖലീല്‍ തങ്ങളുടെ വിദ്യാഭ്യാസ സംരംഭങ്ങളിലും പി.എം.കെ സജീവമായി. മഅ്ദിന്‍ അക്കാദമിക സമിതിയിലും സുന്നീ വിദ്യാഭ്യാസ ബോഡിലും അംഗമായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ധൂര്‍ത്തിനെതിരെ ഒരു കാമ്പെയിന്‍ ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ കീഴില്‍ നടത്തണമെന്ന് പി.എം.കെ ചര്‍ച്ച ചെയ്തിരുന്നു.
വിദ്യാഭ്യാസ രംഗത്ത് സ്വന്തം നാട്ടിനെ കൈപിടിച്ചുയര്‍ത്താനുള്ള ആവേശത്തോടെയാണ് മോങ്ങത്തെ ഉമ്മുല്‍ ഖുറാ എഡ്യുകേഷണല്‍ കോംപ്‌ളക്‌സ് സ്ഥാപിച്ചത്. ഊണും ഉറക്കുമൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് കുടുംബ കാര്യങ്ങളും രോഗങ്ങളും പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പലപ്പോഴും പ്രസ്ഥാനത്തിനകത്ത് നിന്ന് എതിര്‍പ്പുകള്‍ വന്നെങ്കിലും എല്ലാം പുഷ്പ വൃഷ്ടിയിായി തന്നെ പി.എം.കെ സ്വീകരിച്ചു. സ്വന്തക്കാര്‍ പലരും പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാക്കിയപ്പോഴും തന്റെ സ്വത സിദ്ധമായ പുഞ്ചിരിയിലൂടെ പി.എം.കെ എല്ലാം നിഷ്പ്രഭമാക്കുമായിരുന്നു. രോഗം തളര്‍ത്തിയപ്പോള്‍ മാത്രമാണ് കര്‍മ രംഗത്ത് നിന്ന് അല്പമെങ്കിലും വിശ്രമം കണെ്ടത്താന്‍ അദ്ദേഹം തയ്യാറായത്.
ഹൃദ്രോഗം വന്നപ്പോള്‍ സര്‍ജറി വേണമെന്ന് എല്ലാ ഡോക്ടര്‍മാരും നിര്‍ദേശിച്ചെങ്കിലും തനിക്ക് വിശ്വാസപ്പെട്ട ചില ഡോക്ടര്‍മാരുടെ മരുന്നുകളും ആത്മീയ ചികിത്‌സകളും മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്. പക്ഷേ മരണം മറ്റൊരു വഴിക്കാണ് പി.എം.കെയെ തേടിയെത്തിയത്. പി.എം.കെ മരിക്കുമ്പോള്‍ 56 വയസ്സുണ്ടായിരുന്നു. 1956 ആഗസ്റ്റ് 10ന് മലപ്പുറം ജില്ലയിലെ മോങ്ങത്താണ് പി.മുഹമ്മദ് കുട്ടി എന്ന പി.എം.കെ ജനിച്ചത്. പിതാവ് പൂന്തല മുഹമ്മദ് ഷായുടെ മകന്‍ മുഹ്‌യദ്ദീന്‍. മാതാവ് ചേനാട്ടു കുഴി മരയ്ക്കാര്‍ മുല്ല മകള്‍ ബിയ്യാത്തുമ്മ. ഭാര്യ പൂക്കോട്ടുര്‍ കുറുത്തേടത്ത് ബാപ്പുവിന്റെ മകള്‍ നഫീസ. മക്കള്‍ മഅ്‌റൂഫ്, സുആദ, സുവൈബത്. സുഹൈല, ജസീല, ഹിഷാം അഹ്മദ്, സഈദ, മുബശ്ശിര്‍.
മോങ്ങം ഇര്‍ശാദുസ്സിബ്‌യാന്‍ മദ്രസ, മോങ്ങം എ.എം.യുപി സ്‌കൂള്‍, കൊടുവള്ളി സിറാജുല്‍ ഹുദാ, പൊട്ടച്ചിറ അന്‍വരിയ്യാ കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1977ല്‍ ഫൈസി ബിരുദം നേടി. 1993ല്‍ കൈറോയിലെ അല്‍ അസ്ഹറില്‍ നിന്ന് ഇസ്‌ലാമിക് ദഅ്‌വാ കോഴ്‌സ് പൂര്‍ത്തിയാക്കി. മുഹമ്മദ് മുല്ല, അലി ഹസ്സന്‍ മുസ്‌ലിയാര്‍ ഒഴുകൂര്‍, തൃപ്പനച്ചി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വി.പി ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍ വല്ലപ്പുഴ, കെ. പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത് എന്നിവരാണ് പ്രധുാന ഗുരു വര്യന്മാര്‍. വില്യാപള്ളി, കൊളത്തൂര്‍, ഉമ്മത്തൂര്‍, വടക്കേ കാട്, കുണേ്ടാട്ടി ബുഖാരി അദ്‌വാ കോളജ് എന്നിവിടങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. അല്‍ ഇര്‍ഫാദ് മാസികയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പി.എം.കെ മികവുറ്റ ലേഖകനും ഗ്രന്ഥകാരനുമാണ്.
നാല്പതോളം കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന്റെ ആത്മജ്ഞാന കൃതി പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. കക്കിടിപ്പുറം ഉസ്താദ്, ഹിബതുല്ല തങ്ങള്‍ എന്നിവരുമായി പി.എം.കെ ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു. 1995ല്‍ മക്കയിലെ സയ്യിദ് അലവി മാലികിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആത്മീയ ശിഷ്യത്വം നേടി.. മാലികിയുടെ സമ്മത പ്രകാരമാണ് അദ്ദേഹത്തിന്റെ മഫാഹീം എന്ന കൃതി തിരുത്തപ്പെടേണ്ട ധാരണകള്‍ എന്ന പേരില്‍ മലയാളത്തിലാക്കിയത്.
സുന്നീ പ്രസ്ഥാത്തിന് നവ ജാഗരണം നല്കിയ പി,എം.കെ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം വരച്ചു കാണിച്ച വഴിയിലൂടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. ദഅ്‌വാ രംഗത്ത് പി.എം.കെയുടെ മാതൃക നമ്മുടെ കര്‍മ രംഗത്ത് ഉദ്ദീപനമായി വിളങ്ങട്ടെ. അല്ലാഹുവേ ആ ധന്യാത്മാവിന് നീ പാപമോചനവും അനുഗ്രഹവും നല്‌കേണമേ.
www.muhimmath.com