കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 1939 മാര്ച്ച് 22ന് അഹ്മദ്‌ ഹാജിയുടെ മകനായി ആലങ്ങാപൊയില്‍ അബൂബക്ക൪ മുസ്ലിയാ൪ ജനിച്ചു. കുഞ്ഞിമ്മ ഹജ്ജുമ്മയാണ് മാതാവ്‌. കാന്തപുരം എ എം എല്‍ പി സ്കൂളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. പുത്തൂ൪ അബ്ദുള്ള മുസ്ലിയാരില്‍ നിന്നാണ്‌ ഖുര്ആ ൯ പഠിച്ചത്. കിഴക്കോത്ത് കീഴ്മഠത്തില്‍ അബ്ദുല്‍ ഹമീദ്‌ മുസ്ലിയാ൪, വാവാട് പോക്ക൪ കുട്ടി മുസ്ലിയാ൪, കുറ്റിക്കാട്ടൂ൪ ഇമ്പിച്ചാലി മുസ്ലിയാ൪, കെ കെ അബൂബക്ക൪ മുസ്ലിയാ൪, ഒ കെ സൈനുദ്ദീ൯ കുട്ടി മുസ്ലിയാ൪ എന്നിവരാണ് പ്രധാന ഗുരുക്ക൯മാ൪. കൂടുതല്‍ വായിക്കാന്‍ >>>

ഇസ്സുദ്ദീന്‍ സഖാഫി: നിലച്ചത് മുഹിമ്മാത്തി ന്റെ ശബ്ദം

മുഹിമ്മാത്തില്‍ ളുഹര്‍ ജമാഅത്ത് കഴിഞ്ഞതേയുള്ളൂ..... പതിവിനു വിപരീതമായി ഉസ്താദുമാര്‍ തിരക്കിട്ട് പുറത്തിറങ്ങുന്നു. മുഖത്ത് ദുഃഖം നിറഞ്ഞുനില്‍ക്കുന്നതുപോലെ. മുഹിമ്മാത്ത് നഗറിലെ മുഹിമ്മാത്തിന്റെ ജീവനാഡിയായ ഇസ്സുദ്ദീന്‍ ഉസ്താദിന്റെ വീട്ടിലേക്കാണീ തിരക്കിട്ട യാത്രയെന്നറിഞ്ഞതോടെ ആശങ്കയായി... സ്ഥാപനത്തിനുവേണ്ടി സ്വജീവന്‍ മറന്ന് ഓടിനടക്കുന്നതിനിടെ രോഗം തളര്‍ത്തിയ ഉസ്താദ്... ഉസ്താദിന് വല്ലതും.... ആശങ്കപടര്‍ന്നു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഇബ്‌റാഹിം സഖാഫി, മൂസ സഖാഫി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഭാര്യയുടെയും
കുടുംബാംഗങ്ങളുടെയും നേര്‍ക്കാഴ്ചയില്‍ സന്തോഷിച്ച ഉസ്താദ് നന്നായി പുഞ്ചിരിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്... എന്ന തൗഹീദിന്റെ അചഞ്ചല വാക്യം... മെല്ലേ ഉരുവിടുന്നു. അവസാവനത്തേക്കായി ആ ചുണ്ടുകള്‍ ചലിക്കുകയായിരുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍... പ്രിയപ്പെട്ട ഉസ്താദിന് ഒന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനയുമായി വിറങ്ങലിച്ച് നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കാതിലുമെത്തി ആ വാര്‍ത്ത... നിയന്ത്രിക്കാനാവാത്ത തേങ്ങലോടെ കുരുന്നുചുണ്ടുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടേയിരുന്നു. പിന്നെ എല്ലാം നിമിഷനേരം കൊണ്ടായിരുന്നു. മിനുട്ടുകള്‍ കൊണ്ടുതന്നെ ഉസ്താദിന്റെ വീട് ജനനിബിഡം. ആലിമീങ്ങള്‍, പ്രാസ്ഥാനിക നേതാക്കള്‍,  തന്റെ സമക്ഷത്തില്‍ നിന്ന് വിജ്ഞാനം നുകര്‍ന്ന ആയിരക്കണക്കിനു മുതഅല്ലിമീങ്ങള്‍, ഇങ്ങനെ സമൂഹത്തിലെ മുഴുവന്‍ മേഖലയില്‍നിന്നുമായി പതിനായിരങ്ങളാണ് പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍ ഓടിയെത്തിയത്. ആയിരങ്ങളുടെ അകമ്പടിയോടെ ഉസ്താദിന്റെ ജനാസയും വഹിച്ച് ഉസ്താദ് എന്നും ആദര്‍ശമായി കൊണ്ടുനടന്ന ലാഇലാഹ ഇല്ലല്ലാഹ് എന്ന മധുരധ്വനി ഉച്ചരിച്ച് മുഹിമ്മാത്തിലേക്ക് നീങ്ങുമ്പോള്‍ കണ്ടുനിന്നവര്‍ തേങ്ങുന്നുണ്ടായിരുന്നു. 
വിശുദ്ധ നേതാവിന്റെ മയ്യിത്ത് കുളിപ്പിച്ച് അവിടത്തെ ജീവിതമടയാളപ്പെടുത്തിയ മുഹിമ്മാത്തിലെത്തിക്കുമ്പോള്‍ സമയം രാത്രി എട്ടുമണി. പിന്നെ തവണകളായുള്ള മയ്യിത്ത് നിസ്‌കാരം. ആലിക്കുഞ്ഞി ഉസ്താദ് ഷിറിയ, കൊല്ലമ്പാടി ഉസ്താദ്, ബായാര്‍ തങ്ങള്‍, ഇമ്പിച്ചി തങ്ങള്‍, ശംസുദ്ദീന്‍ തങ്ങള്‍, കരീം തങ്ങള്‍, കാരന്തൂര്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി. ഉസ്താദ് എന്നിവര്‍ സംഘങ്ങളായി മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിന്നീട് ജനാസ ഖബറിലേക്ക്.....
തന്നെ വളര്‍ത്തിയ ഉസ്താദും സഹപാഠിയുമെല്ലാമായ ഹസൈനാര്‍ സഖാഫിയുടെ നേതൃത്വത്തില്‍ മയ്യിത്ത് മെല്ലെ ഇറക്കിവെച്ചു. ഇഹലോകത്തില്‍ നന്മകള്‍ മാത്രം ചെയ്തവര്‍ക്കുള്ള അനുഗ്രഹശോഹം, ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ക്കിടെ ഓര്‍ത്തോര്‍ത്ത് കരഞ്ഞിരുന്ന ഖബറിടത്തിലേക്ക്.....
മിന്‍ഹാ ഖലക് നാകും... വഫീഹാ നുഈദുകും... വമിന്‍ഹാ നുഖ്‌രിജുകും താറന്‍ ഉഖ്‌റാ.... 
നിറഞ്ഞുകലങ്ങിയ കണ്ണുകളുമായി സയ്യിദ് ശിബഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് തല്‍കീന്‍ പറഞ്ഞുകൊടുത്തു. പ്രിയ സഹചാരിയുടെ വിരഹവേദന കടിച്ചിറക്കി ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തി. അല്ലാഹുമ്മഗ് ഫിര്‍ലഹു.. വര്‍ഹമ്ഹു...
* * * *
ഈമാന്‍ ജ്വലിക്കുന്ന മുഖഭാവം, പ്രൗഢിയുണര്‍ത്തും തലപ്പാവും തേച്ചുമിനുക്കിയ ജുബ്ബയും, സൗമ്യതയാല്‍ ചാലിച്ചെടുത്ത ചെറുചിരി, ലാളിത്യമാര്‍ന്ന ജീവിതചിട്ടകള്‍, മനം മയക്കുന്ന വാക്ചാരുതയും പ്രഭാഷണപാടവവും... ഇങ്ങനെ ആ ധന്യജീവിതത്തിന്റെ ഗുണവിശേഷങ്ങള്‍ ഏറെയുണ്ട് സ്മരിക്കാന്‍... മുഹിമ്മാത്തിന്റെ മുന്നില്‍ പ്രതിബന്ധങ്ങളുടെ തീക്കനലുകള്‍ പടര്‍ന്നുപിടിക്കാനൊരുങ്ങിയപ്പോള്‍ എല്ലാം അതിജീവിച്ച് മുഹിമ്മാത്ത് വളര്‍ന്നുവന്നപ്പോള്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളെന്ന സാത്വിക നായകരോടൊപ്പം ഈ ധന്യനേതൃത്വവും സന്തത സഹചാരിയായുണ്ടായിരുന്നു. ഓര്‍ക്കുകയാണ്, കാര്യങ്ങള്‍ മാത്രം പറയാറുള്ള ത്വാഹിര്‍ തങ്ങളുസ്താദ് ഒരു പ്രഭാഷണത്തിനിടഎ പറഞ്ഞ വാക്കുകള്‍... 'മുഹിമ്മാത്തിന്റെ ശബ്ദമാണ് ഇസ്സുദ്ദീന്‍ സഖാഫി...'. സത്യമായിരുന്നു ആ വാക്കുകള്‍. 
മുഹിമ്മാത്തിന്റെ അംബര ചുംബികളായ കോണ്‍ക്രീറ്റ് സൗധങ്ങളില്‍ അലിഞ്ഞുചേര്‍ന്ന ഓരോ മണല്‍ത്തരികള്‍ക്കും ഉസ്താദിന്റെ ശബ്ദ ഗൗരവങ്ങളോട് പ്രതിബദ്ധതയുണ്ട്. മുഹിമ്മാത്തിന്റെ സനദ് ദാന സമ്മേളനത്തില്‍, ത്വാഹിര്‍ തങ്ങളുസ്താദിന്റെ ഉറൂസ് സദസുകളില്‍, സ്ഥാപനത്തിന്റെ മുഴുവന്‍ സംരംഭങ്ങളിലും സ്വതസിദ്ധമായ ഗൗരവമൂറന്ന പ്രഭാഷണ ശൈലിയുമായി നിറഞ്ഞുനിന്ന മധുര വസന്തത്തിന്റെ സ്‌നേഹചരിതങ്ങള്‍ ത്വാഹിര്‍ തങ്ങലുടെ വാക്കുകളുടെ പൂര്‍ത്തീകരണമായിരുന്നു. പ്രൗഢമായിരുന്നു ഉസ്താദിന്റെ പ്രഭാഷണങ്ങള്‍. മണിക്കൂറുകള്‍ കഴിഞ്ഞാലും നിര്‍ത്തരുത് എന്ന് സദസ്യര്‍ കരുതിപ്പോകും. ഖുര്‍ആനിന്റെ ആശയങ്ങളുടെ അഗാധയിലിറങ്ങി ഹദീസുകളുടെ അകപ്പൊരുളുകള്‍ കടഞ്ഞെടുത്ത് കര്‍മശാസ്ത്ര വിധികളുടെ ചേരുവകള്‍ പാകത്തിന് ചേര്‍ത്ത് ആത്മസംസ്‌കരണത്തിന്റെ ബോധതലങ്ങള്‍ സ്പര്‍ശിച്ച് നര്‍മരസങ്ങളും ഇടകലര്‍ത്തി ശാന്തമായ കടലലപോലെ ഒഴുകി വരുന്ന പ്രഭാഷണ ചാരുത, സത്യമാണ്... ആ പ്രൗഢമായ വാക്കുകള്‍ കേട്ട് ആശതീര്‍ന്നിട്ടില്ല അവിടുത്തെ ശിഷ്യഗണങ്ങള്‍ക്ക്. 
കേരളത്തിലെയും കര്‍ണാടകയിലെയും അനവധി പ്രഭാഷണവേദികളിലെ നിറസാന്നിധ്യമായിരുന്നു ഉസ്താദ്. ചിലരെങ്കിലും പറയാറുണ്ട്, ജാമിഅ സഅദിയ്യയുടെ അയ്യൂബ് ഖാന്‍ സഅദിയാണ്, മുഹിമ്മാത്തിലെ ഇസ്സുദ്ദീന്‍ സഖാഫിയെന്ന്. സുന്നി കൈരളിയുടെ പ്രഭാഷണവേദികളിലെ രണ്ട് സാന്നിധ്യങ്ങള്‍. ആദര്‍ശവേദികളില്‍ പ്രതിരോധികളുടെ പേടിസ്വപ്നങ്ങള്‍. അയ്യൂബ് ഖാന്‍ സഅദിയുടെ വിരഹവേദനകള്‍ക്ക് 40 ദിനം തികയുമ്പോഴാണ് വേദന സമ്മാനിച്ച് ഇസ്സുദ്ദിന്‍ ഉസ്താദും പോയത്. അസാമാന്യ പണ്ഡിത ശ്രേഷ്ഠരില്‍ പലര്‍ക്കും ഹൃസ്വമായ ആയുസ്സായിരുന്നുവെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. 
(കാസര്‍കോടിന്റെ വിജ്ഞാന ഭൂപടത്തില്‍ വിസ്മരിക്കാനാവാത്ത സാന്നിധ്യമായ മര്‍ഹൂം അബ്ബാസ് മുസ്‌ലിയാരുടെയും ഖദീജയുടെയും ദാമ്പത്യവല്ലരിയില്‍ കൊടിയമ്മയിലായിരുന്നു ഉസ്താദിന്റെ ജനനം. പഠനത്തില്‍ താത്പര്യവും പിതാവിന്റെ മതശിക്ഷണവും ഹൃദയകോണിലെ പണ്ഡിതസ്‌നേഹവും ബാല്യത്തിലേ ദര്‍സ് മേഖല തിരഞ്ഞെടുക്കുവാന്‍ ഹേതുവായി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരെന്ന പണ്ഡിതനേതൃത്വത്തിന്റെ കീഴിലായിരുന്നു പഠനത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും. ഉസ്താദിന്റെ ജനാസയ്ക്കരികില്‍ മറവുചെയ്യുംവരെ നിറകണ്ണുകളോടെ ഖുര്‍ആനും തഹ്‌ലീലുമായി ഓരം പറ്റിനില്‍ക്കാന്‍ ബെള്ളിപ്പാടി ഉസ്താദിനെ പ്രേരിപ്പിച്ചത് ആ ശിഷ്യസ്‌നേഹമായിരിക്കാം. അല്ലെങ്കിലും ഒരു ഗുരുവര്യനാണല്ലോ മറ്റേരാളേക്കാളും തന്റെ ശിഷ്യനെക്കുറിച്ച് കൂടുതല്‍ അനുഭവങ്ങളും അറിവുമുണ്ടാവുക. മര്‍കസിലായിരുന്നു പിന്നീടുള്ള പഠനം. 1993 ല്‍ സഖാഫി ബിരുദം നേടി. കുന്നുംകൈ, കുളൂര്‍, ഗോളിയടുക്ക, ബീജന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനം ചെയ്തിട്ടുണ്ട്. ത്വാഹിര്‍ തങ്ങളുസ്താദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മുഹിമ്മാത്തിലെത്തിയത്.
പ്രാസ്ഥാനികരംഗത്തും ഏറെ സേവനങ്ങള്‍ സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ഉസ്താദ്. എസ് എസ് എഫ് കുമ്പള മേഖലാ പ്രസിഡന്റായ ഉസ്താദ് എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികളില്‍ സേവനം ചെയ്തിട്ടുണ്ട്. കുമ്പള-മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മുഹിമ്മാത്ത് വൈസ് പ്രസിഡന്റ്, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍, മുഹിമ്മാത്ത് ജമാഅത്ത് പ്രസിഡന്റ്, ബദിയഡുക്ക ദാറുല്‍ ഇഹ്‌സാന്‍ വൈസ് പ്രസിഡന്റ്, സഖാഫീസ് അസോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചുവരികയായിരുന്നു.
സയ്യിദ് മുനീറുല്‍ അഹ്ദല്‍


Written By WebMuhimmath Kasaragod on Saturday, 31 August 2013 | 12:15